Monday, 13 January 2014

ലൈഫൈ - ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ








ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്ക് വൈഫൈയ്ക്ക് പകരം ചെലവുകുറഞ്ഞ പുതിയൊരു വിദ്യ ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത റേഡിയോ ഫ്രീക്വന്‍സിക്ക് പകരം ബള്‍ബുകളിലെ പ്രകാശമുപയോഗിച്ച് കണക്ടിവിറ്റി സാധ്യമാക്കുന്ന നൂതനമാര്‍ഗമാണത്.

ഒരു വാട്ട് എല്‍ഇഡി ബള്‍ബുപയോഗിച്ച് നാല് കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി, ഷാങ്ഹായിയില്‍ ഫ്യൂഡന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൊഫസര്‍ ചി നാന്‍ അറിയിച്ചു.

വൈഫൈ പോലുള്ള പരമ്പരാഗത സാങ്കേതികവിദ്യക്ക് പകരമുള്ള സംഭവമാകയാല്‍ അതിന് 'ലൈഫൈ' ( Li-Fi ) എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷാങ്ഹായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ഫിസിക്‌സിലെ ഗവേഷകരും ഈ മുന്നേറ്റത്തില്‍ പങ്കാളിയായി.

മൈക്രോചിപ്പ് പതിപ്പിച്ച എല്‍ഇഡി ബള്‍ബുകള്‍ക്ക് സെക്കന്‍ഡില്‍ 150 മെഗാബൈറ്റ്‌സ് ഡേറ്റ വീതം വിനിമയം ചെയ്യാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ചൈനയിലെ ശരാശരി ബ്രോഡ്ബാന്‍ഡിന്റെ ഡേറ്റാവിനിമയ ശേഷിയെക്കാള്‍ കൂടുതലാണ് - ചി പറഞ്ഞു.

വൈഫൈ പോലെ നെറ്റ്‌വര്‍ക്കിങിനും, മൊബൈലിനും വേഗമേറിയ കമ്മ്യൂണിക്കേഷന്‍ മാര്‍ഗം തുറന്നു തരുന്ന പുതിയ വിദ്യയ്ക്ക് എഡിന്‍ബറോ സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് ആണ് 'ലൈഫൈ' എന്ന പേരിട്ടത്. ദൃശ്യപ്രകാശത്തെ കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ ( visible light communication technology ) ആണിത്.

നിലവിലുള്ള വയര്‍ലെസ്സ് സിഗ്നല്‍ വിനിമയ ഉപകരണങ്ങള്‍ വളരെ ചെലവുകൂടിയതും ക്ഷമത കുറഞ്ഞവയുമാണ് - ചി ചൂണ്ടിക്കാട്ടി.

'സെല്‍ഫോണുകളുടെ കാര്യത്തില്‍ സിഗ്നലുകള്‍ ശക്തിപ്പെടുത്താനായി ലക്ഷക്കണക്കിന് ബേസ് സ്റ്റെഷനുകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ബേസ് സ്റ്റേഷനുകളില്‍ ഏറ്റവുമധികം ഊര്‍ജം ഉപയോഗിക്കപ്പെടുന്നത് അവയിലെ ശീതീകരണ സംവിധാനത്തിലാണ്'-അവര്‍ പറഞ്ഞു.

ബേസ് സ്റ്റേഷനുകളുമായി താരതമ്യം ചെയ്താല്‍ , ഉപയോഗിക്കാന്‍ കഴിയുന്ന ലൈറ്റ് ബള്‍ബുകളുടെ എണ്ണം പ്രായോഗികമായി എണ്ണമറ്റതാണ്. 'എവിടെ ഒരു എല്‍ഇഡി ബള്‍ബ് ഓണാക്കുന്നോ, അവിടെ ഇന്‍ര്‍നെറ്റ് സിഗ്നലുമുണ്ടാകും. ബള്‍ബ് അണയ്ക്കുമ്പോള്‍ സിഗ്നലും പോകും'-ചി വിശദീകരിച്ചു. 'പ്രകാശം തടസ്സപ്പെടുത്തിയാലും സിഗ്നല്‍ നഷ്ടമാകും'.

ഇപ്പോള്‍ പ്രാരംഭഘട്ടമേ ആയിട്ടുള്ളു. ലൈഫൈ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തെത്തിക്കാന്‍ ഇനിയും ഏറെ മുന്നേറേണ്ടതായിട്ടുണ്ട്. ഷാങ്ഹായിയില്‍ നടക്കുന്ന ചൈന ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ അടുത്ത മാസം പുതിയ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും.


1 comment: